Mar 31, 2011

യാത്രാമംഗളങ്ങള്‍

From Mar 31, 2011


മാര്‍ച്ച് മാസത്തിനൊപ്പം പക്വമതികളായ പലരും ഔദ്യോഗിക രംഗത്തുനിന്നും പടിയിറങ്ങുന്നു. പെരിങ്ങോട്ടുകര ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളും അത്തരമൊരു രംഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ്സ് ലീലടീച്ചര്‍ ഇന്ന് വിരമിക്കുകയാണ്. തൃശ്ശൂര്‍ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ജീവശാസ്ത്രം അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാഞ്ഞാള്‍, കടപ്പുറം, വാടാനപ്പിള്ളി, താന്ന്യം എന്നീ വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കന്നാറ്റുപാടം ഹൈസ്ക്കൂളില്‍ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റത്. തുടര്‍ന്ന് പെരിങ്ങോട്ടുകരയിലേക്ക് സ്ഥലമാറ്റം നേടിയെത്തി. ചുമതലയേറ്റഅന്നുമുതല്‍ ഈ നിമിഷം വരെ തന്റെ കര്‍ത്തവ്യങ്ങളെ മറ്റെന്തിനേക്കാളും പ്രധാനമായി ടീച്ചര്‍ കരുതി.
കാലവും ശീലവും നല്കിയ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി സഹപ്രവര്‍ത്തകര്‍ (ഞങ്ങള്‍) കേഴുമ്പോള്‍ ശംഖുപുഷ്പത്തിന്റേയും തിരുതാളിയുടേയും ഔഷധഗുണങ്ങള്‍ പറഞ്ഞുതന്നൂ ആ സസ്യശാസ്ത്ര ബിരുദധാരി. അറിവ് ബിരുദസമ്പാദനത്തിന് മാത്രമല്ലെന്നും ജീവിതത്തില്‍ ഉപയോഗപ്പെടുത്താനുമുള്ളതാണെന്നുമുള്ള ടീച്ചറുടെ ചിന്ത ഞങ്ങള്‍ക്ക് വെളിച്ചമായി.
തന്റെ മുന്നിലെത്തുന്ന ഏതൊരു പൂര്‍വ്വ വിദ്യാര്‍ത്ഥിയേയും അവരുടെ രക്ഷിതാക്കളേയും തിരിച്ചറിഞ്ഞ് കുശലംചോദിക്കുന്ന ടീച്ചര്‍ എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്നു.
സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും അതീവ ശ്രദ്ധാലുവാണ് ടീച്ചര്‍ . പത്താംതരംതുല്യതാ വിദ്യാര്‍ത്ഥികളോടും വളരെ സ്നേഹത്തോടെയാണ് ടീച്ചര്‍ പെരുമാറുക.ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍നടക്കുന്ന ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു.
ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ്സ് ലീല ടീച്ചര്‍ക്ക് ഭാവി ജീവിതത്തില്‍ സര്‍വ്വേശ്വരന്‍ എല്ലാ ഐശ്വര്യങ്ങളും നന്മകളും നല്കട്ടെ എന്ന് ആശംസിക്കുന്നു.

2 comments:

bhama said...

ലീല ടീച്ചര്‍ക്ക് ഭാസുരമായ ഒരു ശിഷ്ടജീവിതം ആശംസിക്കുന്നു.

ദീപക് കലാനി said...
This comment has been removed by the author.