Mar 31, 2011

യാത്രാമംഗളങ്ങള്‍

From Mar 31, 2011


മാര്‍ച്ച് മാസത്തിനൊപ്പം പക്വമതികളായ പലരും ഔദ്യോഗിക രംഗത്തുനിന്നും പടിയിറങ്ങുന്നു. പെരിങ്ങോട്ടുകര ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളും അത്തരമൊരു രംഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ്സ് ലീലടീച്ചര്‍ ഇന്ന് വിരമിക്കുകയാണ്. തൃശ്ശൂര്‍ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ജീവശാസ്ത്രം അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാഞ്ഞാള്‍, കടപ്പുറം, വാടാനപ്പിള്ളി, താന്ന്യം എന്നീ വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കന്നാറ്റുപാടം ഹൈസ്ക്കൂളില്‍ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റത്. തുടര്‍ന്ന് പെരിങ്ങോട്ടുകരയിലേക്ക് സ്ഥലമാറ്റം നേടിയെത്തി. ചുമതലയേറ്റഅന്നുമുതല്‍ ഈ നിമിഷം വരെ തന്റെ കര്‍ത്തവ്യങ്ങളെ മറ്റെന്തിനേക്കാളും പ്രധാനമായി ടീച്ചര്‍ കരുതി.
കാലവും ശീലവും നല്കിയ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി സഹപ്രവര്‍ത്തകര്‍ (ഞങ്ങള്‍) കേഴുമ്പോള്‍ ശംഖുപുഷ്പത്തിന്റേയും തിരുതാളിയുടേയും ഔഷധഗുണങ്ങള്‍ പറഞ്ഞുതന്നൂ ആ സസ്യശാസ്ത്ര ബിരുദധാരി. അറിവ് ബിരുദസമ്പാദനത്തിന് മാത്രമല്ലെന്നും ജീവിതത്തില്‍ ഉപയോഗപ്പെടുത്താനുമുള്ളതാണെന്നുമുള്ള ടീച്ചറുടെ ചിന്ത ഞങ്ങള്‍ക്ക് വെളിച്ചമായി.
തന്റെ മുന്നിലെത്തുന്ന ഏതൊരു പൂര്‍വ്വ വിദ്യാര്‍ത്ഥിയേയും അവരുടെ രക്ഷിതാക്കളേയും തിരിച്ചറിഞ്ഞ് കുശലംചോദിക്കുന്ന ടീച്ചര്‍ എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്നു.
സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും അതീവ ശ്രദ്ധാലുവാണ് ടീച്ചര്‍ . പത്താംതരംതുല്യതാ വിദ്യാര്‍ത്ഥികളോടും വളരെ സ്നേഹത്തോടെയാണ് ടീച്ചര്‍ പെരുമാറുക.ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍നടക്കുന്ന ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു.
ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ്സ് ലീല ടീച്ചര്‍ക്ക് ഭാവി ജീവിതത്തില്‍ സര്‍വ്വേശ്വരന്‍ എല്ലാ ഐശ്വര്യങ്ങളും നന്മകളും നല്കട്ടെ എന്ന് ആശംസിക്കുന്നു.

Mar 30, 2011

പരീക്ഷകളെല്ലാം കഴിഞ്ഞു ഇനി അവധിക്കാലം

പൂമൊട്ട് വിരിഞ്ഞ് വിടര്‍ന്ന് ഇതള്‍കൊഴിയും പോലെ ഒരധ്യയനവര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ കൊതിക്കുന്ന നിങ്ങള്‍ക്കായി പ്രകൃതി അണിഞ്ഞൊരുങ്ങി നില്ക്കുന്നു. കണിക്കൊന്നയും വയലും മാന്തോപ്പുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു. ഗ്രാമീണരായ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. കേരളീയ പ്രകൃതി നിങ്ങളെ അത്രമേല്‍ അനുഗ്രഹിച്ചിട്ടുണ്ടല്ലോ. അവധിക്കാലം സുന്ദരമാക്കാന്‍ , വരുംവര്‍ഷത്തെ ഉന്മേഷത്തോടെ വരവേല്ക്കാന്‍ നിങ്ങള്‍ക്കാവട്ടെ. കളിക്കാന്‍ മാത്രമല്ല അറിവിന്റെ പുതിയ ആകാശങ്ങള്‍ കീഴടക്കാനും നിങ്ങള്‍ക്കാവട്ടെ.


"എല്ലാ കൂട്ടുകാര്‍ക്കും അവധിക്കാല ആശംസകള്‍"

Mar 11, 2011

സ്ക്കൂളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടിച്ചു. !!!


വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ ഭീഷണിയായി സ്ക്കൂള്‍ കോമ്പൗണ്ടില്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന  മൂര്‍ഖന്‍ പാമ്പുകളില്‍ ഒരെണ്ണത്തെ സേവ്യര്‍ വന്ന് പിടിച്ചു. മറ്റുള്ളവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Mar 10, 2011

ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി ലീല ടീച്ചര്‍

From school

യാത്രാവിവരണം




ഞങ്ങളുടെ ഈ അധ്യയന വര്‍ഷത്തെ പഠനവിനോദയാത്ര കോടനാട് , പാണിയേലി പോര് , തട്ടേക്കാട്, ഭൂതത്താന്‍കെട്ട് , ഇടമലയാര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് തീരുമാനിച്ചിരുന്നത്. മുന്‍നിര്‍ദ്ദേശപ്രകാരം 14/01/2011 കാലത്ത് കൃത്യം ഏഴു മണിക്കു 7 അധ്യാപകരും 83 കുട്ടികളും രണ്ട് ബസ്സുകളിലായി യാത്ര ആരംഭിച്ചു. 7 മണിക്ക് സ്ക്കൂളില്‍ നിന്നും പുറപ്പെട്ട സംഘം ഒമ്പതേകാലോടു കൂടി കേരളത്തിലെ പ്രസിദ്ധ ആന പരിശീലന കേന്ദ്രമായ കോടനാട് എത്തിച്ചേര്‍ന്നു. പ്രസന്നമായ കാലാവസ്ഥയില്‍ അധ്യാപകരും കുട്ടികളും ഉത്സാഹത്തിമര്‍പ്പിലായിരുന്നു. ഞങ്ങള്‍ വരുമ്പോള്‍ കരുതിയിരുന്ന പ്രഭാതഭക്ഷണം കഴിച്ചതിനു ശേഷം അതിനോടനുബന്ധിച്ചുള്ള ചെറിയ പാര്‍ക്കും മൃഗശാലയും സന്ദര്‍ശിച്ചു. ആനകൊട്ടില്‍ ഏവരിലും കൗതുകമുണര്‍ത്തി. മൂന്നു കുട്ടിയാനകളും രണ്ടു വലിയ ആനകളുമാണ് അവിടെ ഉണ്ടായിരുന്നത്. ഇതില്‍ ഒരാന മദപ്പാടിലായിരുന്നു. ആനകള്‍ വരിവരിയായി വന്ന് ഉരുട്ടിവച്ചിരിക്കുന്ന ചോറ് വാങ്ങി കഴിച്ച് തനിക്കു തന്ന പട്ടയുമായി അവരവരുടെ സ്ഥലത്തുപോയി നിന്ന് നല്ല ഉന്മേഷത്തോടെ കഴിക്കുന്നതു കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. പത്തുമണിയോടുകൂടി കോടനാട്ടില്‍ നിന്നും തിരിച്ചു.

പാണിയേലി പോരിലേക്ക്.

കണ്ണിനും കാതിനും ശരീരത്തിനും ഉന്മേഷം നല്കുന്ന പ്രസിദ്ധമായ പാണിയേലി പോര് സന്ദര്‍ശിക്കുകയായിരുന്നു സംഘത്തിന്റെ അടുത്ത ലക്ഷ്യം . ജൈവവൈവിധ്യം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഞങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതി ഉണ്ടായി. 10.30 ഓട് കൂടി കോടനാട്ടില്‍ നിന്നും 12 കിലോമീറ്ററകലെയുള്ള പോരിലെത്തിച്ചേര്‍ന്നു. ബസ്സിറങ്ങി പുഴയുടെ തീരത്തിലുടെ ഗൈഡിന്റെ കൂടെ ഞങ്ങള്‍ നടന്നു. പോകുന്നവഴിയില്‍ ഒത ഏറുമാടവും ഞങ്ങള്‍ കണ്ടു. കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷയ്ക്കു വേണ്ടിയാണ് അതെന്ന് ഗൈഡ് വിശദീകരിച്ചു തന്നു. പോരിലെ വെള്ളത്തിന്റെ കുളിര്‍മ്മയും നൈര്‍മ്മല്യവും ഞങ്ങളിലെ ഓരോരുത്തരുടേയും ക്ഷീണം പാടെ അകറ്റി. കൊച്ചു കൊച്ചു അരുവികള്‍ പാറകൂട്ടത്തിനിടയിലൂടെ ഒഴുകിയെത്തി ഒറ്റപ്പുഴയായി മാറുന്ന കാഴ്ച നയനമനോഹരമായിരുന്നു.ചെറിയ ചെറിയ അരുവികളെ മുറിച്ചു കടന്ന് ഞങ്ങള്‍ പ്രധാന കൈവഴികളായ മൂന്ന് അരുവികള്‍ കൂടിച്ചേരുന്ന സ്ഥലത്തെത്തി. പാറക്കൂട്ടത്തിനിടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ഗൈഡ് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഞങ്ങള്‍ പോകുന്നതിന് ഒരാഴ്ച മുമ്പ് അവിടെ ഉണ്ടായ അപകടമരണങ്ങളെ കുറിച്ച് അവര്‍ പറയുകയുണ്ടായി. ഭൂതത്താന്‍ കെട്ട് ഡാം തുറന്നു വിട്ടാല്‍ വെള്ളം കുത്തിയൊഴുകി എത്തുന്നത് ഇവിടേക്കാണത്രെ ! ചുഴികളില്‍ പെട്ടുപോയാല്‍ പെട്ടതു തന്നെ. ഇപ്പോള്‍ ഞങ്ങള്‍ നില്ക്കുന്ന ഭാഗത്ത് വെള്ളത്തിലിറങ്ങുന്നത് അപകടമാണെന്നറിഞ്ഞപ്പോള്‍ കുറച്ചു വിഷമമുണ്ടായെങ്കിലും പ്രകൃതി ഭംഗി നന്നായി ആസ്വദിച്ചു. നട്ടുച്ചനേരമായിട്ടും പാറപ്പുറത്തിലെ ചൂട് ഞങ്ങളറിഞ്ഞില്ല.. തിരിച്ചു വരുമ്പോള്‍ കുറച്ചുനേരം ആഴമില്ലാത്ത ഭാഗത്ത് വെള്ളത്തിലിറങ്ങി നീന്തിക്കളിച്ചു. മനസ്സില്ലാമനസ്സോടെ ഒരുമണിയോടെ പോരില്‍ നിന്നും തിരിച്ചു. അവിടുത്തെ ഫോറസ്റ്റ് ഓഫീസറും പോരിനടുത്ത് വന്നിരുന്നു. നടന്ന് ഫോറസ്റ്റ് ഓഫീസിനടുത്തെത്തുമ്പോഴേക്കും അദ്ദേഹത്തിന്റ നിര്‍ദ്ദേശപ്രകാരം കാന്‍റീനില്‍ ഞങ്ങള്‍ക്കായി ചായ റെഡിയായിരുന്നു. ചായകുടിച്ച് അവരോട് നന്ദിയും പറഞ്ഞ് ബസ്സില്‍ കയറി. ഇനി കേരളത്തിലെ പക്ഷിസങ്കേതകേന്ദ്രമായ തട്ടേക്കാട്ടേക്ക്.

തട്ടേക്കാട്

‌പതിവിനു വിപരീതമായി എല്ലാവരിലും ഒരു മൂകത . ഒരു പക്ഷ രണ്ടു വര്‍ഷം മുമ്പുനടന്ന ആ ദുരന്തസ്മരണയാകാം കാരണം......
എല്ലാവര്‍ക്കും നല്ല വിശപ്പ് ഉണ്ട് സമയം ഏകദേശം 2.30 ആയിക്കഴിഞ്ഞു.
എല്ലാവര്‍ക്കുമുള്ള ഉച്ചഭക്ഷണം (ബിരിയാണി) സ്ക്കുളില്‍ നിന്നു വരുമ്പോള്‍ തന്നെ കരുതിയിരുന്നു. ഒട്ടും സമയം കളയാതെ പാര്‍ക്കില്‍ കയറിയിരുന്ന് അദ്ധ്യാപകര്‍ വിളമ്പിതന്ന ഭക്ഷണം കഴിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം അവിടെയുള്ള സലിം അലി മ്യൂസിയം സന്ദര്‍ശിച്ചു. ആ പ്രദേശത്ത് കാണപ്പെടുന്ന അപൂര്‍വയിനം പക്ഷികളുടെ ചിത്രശേഖരം ഞങ്ങള്‍ കണ്ടു. കാട്ടിനുള്ളിലൂടെ നടന്ന് പക്ഷിനിരീക്ഷണം നടത്താന്‍ സമയമില്ലാത്തതിനാല്‍  വിവിധ പക്ഷികളുടെ ശബ്ദം ആസ്വദിച്ചു കൊണ്ട് മൂന്നേകാലോടു കൂടി ഇടമലയാര്‍ ഡാമിലേക്ക് യാത്ര തിരിച്ചു.

ഭൂതത്താന്‍കെട്ടും കടന്ന് ഇടമലയാറിലേക്ക്


കാട്ടിനുള്ളിലൂടെയുള്ള യാത്ര. യാത്ര തുടര്‍ന്നപ്പോള്‍ റോഡിനിരുവശവും പേരറിയാത്ത അപൂര്‍വയിനത്തിപെട്ട ധാരാളം വൃക്ഷങ്ങള്‍ കണ്ടു. നഗരത്തില്‍ നിന്നുമാറി കാട്ടിലൂടെയുള്ള ആ യാത്ര ശരിക്കും ഒരു പഠന വിനോദയാത്രയായി മാറി. ഹെയര്‍പിന്‍ബെന്‍റ് റോഡിലൂടെ മലകയറുകയാണ്. റോഡോ വളരെ ഇടുങ്ങിയതും. ശ്രദ്ധ ഒട്ടും പതറി പോകാതെ ഇരുവശത്തുമുള്ള കാഴ്ച ഞങ്ങളേവരും ആസ്വദിച്ചു. 4.30 ഓടു കൂടി ഡാമില്‍ ഞങ്ങളെത്തിച്ചേര്‍ന്നു. മുന്‍കൂട്ടി അനുവാദം വാങ്ങാത്തതിനാല്‍ പവര്‍സ്റ്റേഷന്‍ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. അത് നഷ്ടബോധമായി ഞങ്ങള്‍ക്ക് തോന്നി. അണകെട്ടിലൂടെ ചങ്ങാടത്തില്‍ ആളുകള്‍ പോകുന്നതും അക്കരെ വെട്ടിയിടുന്ന ഈറ്റ കൊണ്ടുവരാന്‍ പോകുന്ന ബോട്ടുമെല്ലാം ഞങ്ങള്‍ കണ്ടു. കുറച്ചു നേരം കൂടി പ്രകൃതിഭംഗി ആസ്വദിച്ച് മടക്കയാത്ര ആരംഭിച്ചു.

മടക്കം ഭൂതത്താന്‍ കെട്ടിലൂടെ

ഭൂതത്താന്‍ കെട്ടില്‍ എത്തുമ്പോള്‍ സമയം 6 മണി. എന്നാലും അണക്കെട്ടിന്റ സൗന്ദര്യം ആസ്വദിക്കാനായി അണക്കെട്ടിനുമുകളിലൂടെ നടന്നു. അസ്തമയസൂര്യന്റെ ശോഭയില്‍ അണക്കെട്ടിന്റ സൗന്ദര്യം എത്ര ആസ്വദിച്ചിട്ടും മതിവന്നില്ല. സമയം ഏറെ വൈകുമെന്ന അധ്യാപകരുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയപ്പോള്‍ പകുതി മനസ്സുമായി ബസ്സില്‍ കയറി. ഏറെ ഹൃദ്യവും ആസ്വാദ്യകരവുമായ ഒരു ദിവസം ഞങ്ങള്‍ക്ക് ലഭിച്ചു എന്ന നിറഞ്ഞ മനസ്സോടു കൂടി ബസ്സിനുള്ളിലെ ബഹളത്തിലേക്കും പിന്നീട് അല്പം മയക്കത്തിലേക്കും ഞങ്ങള്‍ വഴുതി വീണു. ഒമ്പതരയോടു കുടി സ്ക്കൂളിലെത്തിച്ചേര്‍ന്ന ഞങ്ങളെ കാത്ത് രക്ഷിതാക്കള്‍ സ്ക്കൂളില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കുണ്ടായ അനുഭവം അവരുമായി പങ്കിടാന്‍ ധൃതിപിടിച്ച മനസ്സുമായി വീട്ടിലേക്ക് യാത്രയായി.